മനഃസമാധാനം വേണോ..?

    Related image
 മനുഷ്യന്‍ സമാധാന പ്രിയനാണ്. ഏവരുടെയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യവും അതുതന്നെയാണ്. സമാധാനലബ്ധിക്കായി മനുഷ്യന്‍ പല വഴികളും ആരായുകയും പുല്‍കുകയും ചെയ്യുന്നു. ചിലര്‍ സമാധാനം തേടുന്നത് പണച്ചാക്കുകള്‍ക്കിടയില്‍ നിന്നാണ്. ചിലര്‍ക്ക് പ്രൊഫഷനാണ്. ചിലര്‍ക്ക് കുമിഞ്ഞുകൂടിയ പദവികളുടെ കൂമ്പാരവും.മറ്റു ചിലര്‍ ഇശാ മഗ്‌രിബ് സമയത്ത് തുറന്നുവെച്ച സീരിയലുകളില്‍ നിന്നുമാണ് സമാധാനം ആര്‍ജിക്കുന്നത്. പദവികളും പണച്ചാക്കുകളും പ്രൊഫഷനും വഴി സമാധാനം ആര്‍ജിച്ചെടുക്കുമ്പോള്‍ മനഃശാന്തി പടിയിറങ്ങുന്നത് മനുഷ്യന്‍ കാണാതെ പോവുകയാണ്.
 മനസമാധാനവും ശാന്തിയും സംതൃപ്തിയുമെല്ലാം നഷ്ട്‌പ്പെട്ട് മനുഷ്യന്‍ ഉത്തരാധുനികതയുടെ പ്രസരിപ്പില്‍ അന്ധനായിരിക്കുന്നു. വൈയക്തിക, സാമൂഹിക, കുടുംബപരമായ ജീവിതത്തിന്റെ സമാധനത്തിനും മനഃശാന്തിക്കും വേണ്ടി അലയുകയാണ്. സമ്പന്നര്‍ പോലും സമാധാനമില്ലാതെ ഉഴലുന്നു. കാരണം സമാധാനം പണം കൊടുത്തു വാങ്ങാന്‍ സാധിക്കില്ലെന്ന വാസ്തവം മനുഷ്യന്‍ മറന്നിരിക്കുന്നു. പണ്ട് ഇശാ മഗ്‌രിബ് സമയങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്ന ഖുര്‍ആന്‍ പാരായണവും ഹദ്ദാദും മൗലൂദുകളുടെയും സ്ഥാനത്ത് സീരിയലുകളുടെയും വാട്‌സ്ആപ്പ് മെസേജുകളുടെയും ശബ്ദങ്ങള്‍ക്കാണ് പ്രാധാന്യമേറുന്നത്. പണ്ട് ഖുര്‍ആന്‍ വരികള്‍ക്കിടയില്‍ നിന്ന് നാഥനെയറിഞ്ഞ് കരഞ്ഞ കണ്ണിലെ കണ്ണീരുകള്‍ സീരിയലുകള്‍ക്കടിമയാണിന്ന്. നന്മകളിലൂടെ പിറവിയെടുത്തിരുന്ന സൗഹൃദക്കൂട്ടായ്മകള്‍ മയക്കുമരുന്നിലും ലഹരിയിലുമാണ് സംതൃപ്തിയടയുന്നത്. ഇലാഹീ സ്മരണകളെ വിസ്മരിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഹൃദയങ്ങളാണ് കാഴ്ച്ചകളില്‍ തടയുന്നത്. ചിന്തകളില്‍ നിന്ന് ഇലാഹീ സ്മരണകള്‍ പടിയിറങ്ങുക വഴി മനുഷ്യന് ജീവിതം ആപല്‍ക്കരമായി തീരുകയാണ്. ഇത്തരം ഹൃദയങ്ങളില്‍ നിന്ന് സമാധാനവും ശാന്തിയും പടിയിറങ്ങുമെന്ന് നാഥന്‍ സൂറത്തുറഅ്ദിലൂടെ പഠിപ്പിക്കുന്നുണ്ട്. അറിയുക, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകള്‍ കൊണ്ട് മാത്രമാണ് മനഃസമാധാനം കൈവരുന്നുത്(28).

 ജീവിതനൈരന്തര്യങ്ങളില്‍ സമാധാനം നിത്യസന്ദര്‍ശകനാകണമെന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. ഹൃദയത്തിന്റെ ചില്ലകളില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ കൂടുവെക്കുന്നില്ലെന്ന അവസ്ഥാവിഷേശത്തിന്റെ പരിഭവമാണ് പലരും പങ്കുവെക്കുന്നത്. ഇവിടെയാണ് ഇലാഹീ സ്മരണ നിത്യജീവിതത്തിന്റെ ഭാഗവാക്കാക്കേണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യമാകുന്നത്.
Image result for prayer islamic background ജീവിതം വിജയതീരമണയാന്‍ വേണ്ടി ധാരാളമായി ദിക്‌റ് ചെല്ലുക എന്നത് സൂറത്തുല്‍ ജുമുഅയിലൂടെ നാഥന്‍ പഠിപ്പിക്കുന്നുണ്ട്.. ഇലാഹീ സ്മരണകളില്‍ നിന്നും ഒളിച്ചോടി ഭൗതികതയില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്ന ആധുനികമനുഷ്യനെ ഇരുത്തിചിന്തിപ്പിക്കുന്ന സൂക്തമാണിത്. ഇലാഹീ സ്മരണകളെ പാടെ ഉപേക്ഷിച്ച ജീവിതങ്ങളെക്കുറിച്ച് നാഥന്‍ പറയുന്നത് കാണുക: എന്റെ സ്മരണയില്‍ നിന്ന് ആരെങ്കിലും പിന്തിരിഞ്ഞാല്‍ ഇഹലോകത്ത് ഇടുങ്ങിയ(മനസ്സിടുക്കുള്ള)  ജീവിതമാണ് അവനുള്ളത്. പുനരുത്ഥാരണ നാളില്‍ അന്ധനായി അവനെ നാം മഹ്ശറയില്‍ കൊണ്ടുവരുന്നതാണ്. അവന്‍ ചോദിക്കും : നാഥാ.. നീ എന്തിനാണ് എന്നെ അന്ധനായി മഹ്ശറയില്‍ കൊണ്ടുവന്നിരിക്കുന്നത്?  ഞാന്‍ മുമ്പ്  കാഴ്ചയുള്ളവനായിരുന്നല്ലോ. അവന്‍ (അല്ലാഹു) പറയും: അപ്രകാരം തന്നെ എന്റെ ദൃഷ്ടാന്തങ്ങള്‍ നിനക്ക് വരികയുണ്ടായല്ലോ. അപ്പോള്‍ നീയത് വിസ്മരിച്ചുകളഞ്ഞു. അതുപോലെ ഇന്ന് നീ വിസ്മരിക്കപ്പെടുകയാണ്(ത്വാഹ).
     പ്രവാചകന്‍ തിരുമേനി(സ്വ) ദിക്‌റുകള്‍ക്ക് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. സദാ സമയവും ദൈവീകസ്മരണയില്‍ മുഴുകിയിരുന്ന പ്രവാചകന്‍ തന്റെ സമുദായവും ആ പാതയുടെ പിന്മുറക്കാരാകണമെന്ന് ആഗ്രഹിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. പ്രവാചകന്‍ (സ്വ) ജീവിതത്തിന്റെ നിഖില മേഖലകളിലുള്ള ഇടപെടലുകള്‍ ഇലാഹീ സ്മരണയില്‍ ഊന്നിയുള്ളതായിരുന്നു. അബൂ സഈദിനില്‍ ഖുദ്‌രി(റ) വില്‍നിന്നുള്ള ഉദ്ധരണം:ഒരിക്കല്‍ ഒരു അഅ്‌റാബി  നബി(സ്വ) യുടെ അടുക്കല്‍ വന്ന് ചോദിച്ചു: ഏറ്റവും നല്ല മനുഷ്യന്‍ ആരാണ്? നബി(സ്വ) പറഞ്ഞു:  ദീര്‍ഘകാലം ജീവിക്കുകയും പ്രവര്‍ത്തി നന്നായിരിക്കുകയും ചെയ്തവന് മംഗളം. അയാള്‍ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരെ ഏതാണ് ഏറ്റവും നല്ല പ്രവര്‍ത്തനം? പ്രവാചകന്‍ പ്രത്യുത്തരം നല്കി: 'അല്ലാഹുവിന്റെ സ്മരണകളാല്‍ സദാ സമയവും നാവില്‍ നനവ് നിലനിര്‍ത്തി  പരലോകം പ്രാപിക്കുന്നതാണ്'.
Image result for prayer islamic background
 ദിക്‌റുകളില്‍ ലയിച്ചുചേര്‍ന്നുള്ള ജീവിതത്തിന് മാത്രമേ ശാന്തിയും സമാധാന കൈമുതലാക്കുകയുള്ളൂ. ഇതുവഴി പാപങ്ങള്‍ പൊറുപ്പിക്കപ്പെടുകയും ജീവിതം ധന്യമാക്കപ്പെടുകയും ചെയ്യുന്നതാണ്. വളരെയധികം ദിക്‌റ് ഉരുവിട്ടുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദോഷങ്ങളെ പൊറുക്കലും അതിമഹത്തായ പ്രതിഫലവും നാഥന്‍ തയ്യാറാക്കിവെച്ചിരിക്കുന്നു.( സൂറത്തുല്‍ ഇസ്ഹഖ്). അനസുബ്‌നു മാലിക് (റ) പറയുന്നു: നബി(സ്വ)പറഞ്ഞു: അല്ലാഹുവിന്റെ ദിക്‌റിനായി ഒരുമിച്ചു കൂടിയ ഒരു സംഘമാളുകളെ നോക്കി കൊണ്ട് ഒരു മലക്ക് ഇപ്രകാരം വിളിച്ചുപറയുക തന്നെ ചെയ്യും: ഓ ജനങ്ങളേ, മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടവരായി നിങ്ങള്‍ പിരിഞ്ഞു പോയികൊള്ളുക. നിങ്ങളുടെ ദുഷ്‌കര്‍മ്മങ്ങളെല്ലാം സല്‍കര്‍മ്മങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു(ഇമാം അഹ്മദ്). ഇലാഹീ സ്മരണയല്ലാതെ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനുതകുന്ന മറ്റൊരു കര്‍മവുമില്ലെന്ന പ്രവാചക വചനം എത്ര ചിന്തനീയം. അതുകൊണ്ടു തന്നെ ഇഹപര വിജയങ്ങള്‍ നമ്മെ തേടിവരണമെങ്കില്‍ ഹൃദയം ഇലാഹീ സ്മരണയില്‍ വ്യാപൃതനാവണം. അബ്ദുല്ലാഹിബ്‌നു ബുസ്‌റില്‍ നിന്നുള്ള നിവേദനം കാണുക: ഒരാള്‍ നബി(സ്വ)യോട് ഇപ്രകാരം ചോദിച്ച: നബിയേ, ദീനിന്റെ നിയമങ്ങള്‍ അനവധിയുണ്ടല്ലോ. അതിനാല്‍ എപ്പോഴും മുറുകെ പിടിക്കാന്‍ പറ്റിയ എന്തെങ്കിലും ഒന്ന് പറഞ്ഞുതരുമോ? നബി(സ്വ) മറുപടി നല്‍കി: നിന്റെ നാവ് അല്ലാഹുവിന്റെ ദിക്‌റിനാല്‍ പച്ചപിടിച്ചതായിക്കൊണ്ടിരിക്കട്ടെ (തുര്‍മുദികിതാബുദ്ദഅവത്ത്). സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ ജീവിതം സദാ ഇലാഹീ സ്മരണയില്‍ മുഴുകിയതായിരിക്കണം. എങ്കില്‍ മാത്രമേ വിജയം സാധ്യമാവുകയുള്ളൂ.
 ഇലാഹീ സ്മരണയില്‍ നിന്നും അകന്ന് ഭൗതികതയില്‍ അന്ധരായവര്‍ക്ക് ഇസ്ലാം മുന്നറിയിപ്പ് നല്‍ക്കുന്ന സൂക്തങ്ങളും ഉദ്ധരണികളും ധാരാളം കാണാന്‍ സാധിക്കുന്നുണ്ട്. അബൂ ഹുറൈറ(റ) നിന്നുള്ള നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ ദിക്‌റില്ലാതെ ഒരു സദസ്സില്‍ നിന്നും പിരിഞ്ഞു പോകുന്ന ഏതൊരാളും കഴുതയുടെ ശവത്തിനരികെ നിന്ന് എഴുന്നേറ്റ് പോകുന്നവരെ പോലെയായിരിക്കും. പരലോകത്ത് അത് നാശത്തിന് കാരണമാകുന്നതാണ്(മുസ്‌ലീം,അബൂദാവൂദ്). ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷം അല്ലാഹുവിനെ സ്മരിക്കാതെ കഴിഞ്ഞുപോയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് മാത്രമേ സ്വര്‍ഗവാസികള്‍ ദുഃഖിക്കുകയുള്ളൂ എന്ന പ്രവാചക പഠനം ദിക്‌റുകളുടെ മഹത്വത്തെ വിളിച്ചോതുന്നതാണ്.
Image result for prayer islamic background
 ഇലാഹീ സ്മരണ ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ സന്തത സഹചാരിയാകണം. ബന്ധപ്പെടുന്ന നിഖില മേഖലകളിലും നാഥനിലേക്കുള്ള വഴികള്‍ സ്വയം കണ്ടെത്തേണ്ടതും സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ആധുനികതയുടെ പരിലാളനയില്‍ അലിഞ്ഞതുവഴി മനുഷ്യന്‍ ഖല്‍ബില്‍ നിന്നു ഈമാന്‍ പടിയിറങ്ങിയിരിക്കുന്നു. നഷ്ട്‌പ്പെട്ടുപോയ പാരമ്പര്യത്തിന്റെ അന്തസിനെ തിരകെ കൊണ്ടുവരണമെങ്കില്‍ നമുക്കിടയില്‍ ഇലാഹീ സ്മരണ നിലനിര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. പാപരഹിത ജീവിതത്തോടൊപ്പം ഇലാഹീ സ്മരണയും ചേര്‍ന്നു നില്‍കുമ്പോള്‍ മാത്രമേ ഒരു മുസ്‌ലിമിന് യാഥാര്‍ത്ഥ വിശ്വാസിയാകാന്‍ സാധിക്കുകയുള്ളൂ. അറിയുക, അല്ലാഹുവിന്റെ സ്മരണകൊണ്ടാണ് ഹൃദയത്തിന് സമാധാനം ലഭിക്കുക എന്ന ഖുര്‍ആനിക ആയത്തിന്റെ പരിപൂര്‍ത്തീകരണമാകട്ടെ നമ്മുടെ ജീവിതം.

🖎മുഹമ്മദ് റാഫി മുതുവല്ലൂർ

Comments

Popular posts from this blog

ഇസ്‌ലാമും വൈജ്ഞാനിക നവോത്ഥാനവും

സ്വര്‍ഗവാതിലിലെ ആത്മ സൗന്ദര്യം