തണലൊരുക്കേണ്ട ജീവിതങ്ങള്‍
വിധിവൈപരീതങ്ങളുടെ കുത്തൊഴുക്കില്‍
പെട്ട് ജീവിതം പ്രയാസകരമാകുമ്പോള്‍ ഒരു പിടിവള്ളിയെങ്കിലും
കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുന്നവര്‍ ധാരാളമാണ്. ആശയറ്റ് ജീവിതത്തിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക്
വഴുതിവീഴുമ്പോള്‍ ആലംബമായി വര്‍ത്തിക്കാന്‍ നന്മയുള്ള മനസ്സിനേ സാധിക്കുകയുള്ളൂ. മനുഷ്യന്‍
ബലഹീനനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഓരോസമയത്തും അവന് പലരെയും ആശ്രയിക്കേണ്ടതായി
വരുന്നു.
ജീവിതയാത്രയില്‍ മനുഷ്യന്‍ ധാരാളം പ്രയാസങ്ങള്‍
അഭിമുഖീകരിക്കുന്നുണ്ട്. തന്റെ പ്രയാസം നിറഞ്ഞ വഴിയില്‍ നിന്നു രക്ഷപ്പെട്ടിരുന്നുവെങ്കില്‍
എന്നാഗ്രഹിച്ചു നില്‍ക്കുന്നവരും വിരളമല്ല. ചെറിയ ചില സഹായങ്ങള്‍ പോലും പലരുടെയും ജീവിതങ്ങള്‍
മാറ്റിമറിക്കാറുണ്ട്. മനുഷ്യന്‍ ബലഹീനനാണ്.ഓരോ സമയത്തും അവന്‍ പലരെയും ആശ്രയിക്കുന്നു.
അതായത് സഹായങ്ങള്‍ മനുഷ്യജീവിതത്തിന് അനിവാര്യമാണ്.അത് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ്
മനുഷ്യസ്രഷ്ടാവ് തന്റെ പ്രവാചകര്‍(സ)യിലൂടെ അതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത്.
ആരെങ്കിലും മറ്റുള്ളവന്റെ കാര്യം സാധിപ്പിച്ചുകൊടുത്താല്‍ അവന് പത്ത് വര്‍ഷം ഇഅ്തികാഫ്
ഇരുന്നതിന്റെ കൂലിയുണ്ട്.
മനുഷ്യനെ സാമൂഹിക ജീവിയായാണ് നാഥന്‍ സംവിധാനിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെ സാമൂഹികമായ ചില ബാധ്യതകള്‍ മനുഷ്യന് നിര്‍വഹിക്കാനുമുണ്ട്. അവയില്‍
ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് പരസ്പരസഹായം. എന്നാല്‍ ഇന്ന് മനുഷ്യന്‍ തന്റെ
സ്വാര്‍ത്ഥതാത്പര്യങ്ങളിലേക്ക് ചുരുങ്ങുകയും തന്നെപ്പോലെ തന്റെ സഹോദരനെയും പരിഗണിക്കണമെന്ന
മനോഭാവത്തില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിക്കുകയുമാണ്. സ്വന്തം സുഹൃത്തിന്റെ നേട്ടത്തിനു
വേണ്ടി നാം ചിലവഴിക്കുന്ന സമയങ്ങള്‍ ഇരുലോക വിജയത്തിനുള്ള കാരണമാകുമെന്ന കാര്യത്തില്‍
ഭിന്നഭിപ്രായമില്ല. പക്ഷേ ഖേദകരമെന്നു പറയട്ടെ പലപ്പോഴും നാം സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക്
അടിമപെട്ടുകൊണ്ട് സ്വന്തം ജീവിതം മനോഹരമാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഒപ്പമുള്ളവരെ
കൂടി പരിഗണിച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് ജീവിതം ആസ്വാദ്യമാകുക എന്നതാണ് ഇസ്ലാമികഭാഷ്യം.അന്‍സാരികളായ
സ്വഹാബത്തിനെ ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ചരിത്രത്തില്‍ ഇന്നും ശോഭമങ്ങാതെ
നില്‍ക്കുന്നതാണ് അന്‍സാറുകളായ പ്രവാചകനുചരര്‍ മുഹാജിറുകളായ സ്വഹാബത്തിനോട് കാണിച്ച
പെരുമാറ്റം മുമ്പെങ്ങും കണ്ടുപരിചയമില്ലാത്തവര്‍ക്ക് വേണ്ടി സ്വന്തം സമ്പത്തും കുടുംബത്തെയും
ത്യജിക്കാന്‍ അവര്‍ തയ്യാറായി. ജന്മനാടായ മക്കയുടെ മണ്ണില്‍ നിന്നും വിടപറഞ്ഞ് സ്വഭവനവും
സമ്പത്തും രക്തബന്ധങ്ങളെയും ഉപേക്ഷിച്ചു നബി(സ)യുടെ ആഞ്ജപ്രകാരമായിരുന്നു മുഹാജിറുകള്‍
മദീനയുടെ ഹൃദയത്തിലേക്ക് കടന്നുവന്നത്. മക്കയില്‍ സമ്പന്നരായിരുന്നവര്‍ പോലും ദരിദ്രരായി
മാറിയ നിമിഷങ്ങളായിരുന്നത്. അപ്പോള്‍ അന്‍സാറുകളായ സ്വഹാബത്ത് തങ്ങളുടെ ഭാര്യാസന്താനങ്ങളെയും
സമ്പത്തിനെയും ത്യജിക്കാന്‍ തയ്യാറായത് തന്നെയാണ് പരസ്പരസഹായത്തിന്റെ ഉദാത്തമായ മാതൃക.
ജീവിതത്തില്‍ എല്ലാം നഷ്ട്‌പ്പെട്ടപോലെ നിന്ന മുഹാജിറുകള്‍ക്ക് അകമഴിഞ്ഞു നല്‍കിയ സഹായത്താലാണ്
അവര്‍ ചരിത്രത്തില്‍ അന്‍സാറുകള്‍ അഥവാ സഹായികള്‍ എന്ന് അറിയപ്പെട്ടത്.

അബൂസഈദില്‍ ഖുദ്‌രി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങള്‍ നബി(സ)യോടൊപ്പം യാത്രയിലായിരിക്കെ ഒരാള്‍ വാഹനിത്തിലേറി വന്നിട്ട് മുഖം ഇടത്തോട്ടും വലത്തോട്ടും തിരിച്ചുകൊണ്ടിരിന്നു. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു ,വല്ലവരുടെയും പക്കല്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവന് കൊടുത്തുകൊള്ളട്ടെ.അപ്രകാരം കൂടുതല്‍ ആഹാരമുള്ളവന്‍ അതില്ലാത്തവന് കൊടുത്തുകൊള്ളട്ടെ.അവസാനം ഞങ്ങളുടെ അടുക്കല്‍ മിച്ചമുള്ളത് ഞങ്ങള്‍ക്കവകാശപ്പെട്ടതല്ല എന്ന് തോന്നുകയുണ്ടായി.
തിരക്കുപിടിച്ച ജീവിതത്തനിടയില്‍
മറ്റുള്ളവര്‍ക്ക് സമയം മാറ്റിവെക്കാന്‍ പലപ്പോഴും നാം വിസ്മരിച്ചുപോകാറുണ്ട്. എന്നാല്‍
അങ്ങനെ സമയവും സമ്പത്തും മാറ്റിവെച്ചവരാണ് ചരിത്രത്തിലിടം നേടിയവര്‍.സ്വന്തം ജീവിതവിജയം
മാത്രം മുന്നില്‍കണ്ട് ജീവിതയാത്ര തുടങ്ങിയവര്‍ പലപ്പോഴും ലക്ഷ്യത്തിലെത്താന്‍ കഴിയാതെപോകാറുണ്ട്.
ഒപ്പമുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു വാക്കെങ്കിലും മുസ്ലിമിന്റെ
നാവില്‍ നിന്നുണ്ടാകണം. ഇത്തരത്തിലുള്ള നന്മകളാണ് നമ്മുടെ ഇഹപരവിജയത്തിന് നിദാനമാകുന്നത്.നബി(സ)യുടെ
ഒരു ഹദീസില്‍ ഇപ്രകാരം കാണാം :ആരെങ്കിലും ഒരുവന്റെ ആവശ്യത്തിനായി സമയം ചിലവഴിച്ചാല്‍
അല്ലാഹുതആലാ അവന്റെ ആവശ്യസമയത്ത് അവന് സഹായിയായി എത്തുമെന്ന് പ്രവാചകര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
മലയാളിസമൂഹത്തെ ഏറെ ചിന്തിപ്പിക്കുകയും
തിരിച്ചറിവുകള്‍ നല്‍കുകയും ചെയ്ത പ്രതിഭാസമായിരുന്നു കേരളം അഭിമുഖീകരിച്ച പ്രളയവും
അനന്തരഫലങ്ങളും. ജാതിമതഭേതമന്യേ മനുഷ്യര്‍ പരസ്പരം കൈകോര്‍ത്തതിലൂടെ വ്യതസ്തയാര്‍ന്ന
മനക്കരുത്താണ് നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത്. നമ്മുടെ മനസ്സുകളില്‍ ഇന്നും നിറഞ്ഞുനില്ക്കുന്നതാണ്
പരസ്പരസഹായത്തിന്റെ ഉദാത്തമായ മാതൃക വിളിച്ചോതിയ മലയാളിമനസ്സുകള്‍. പരസ്പര സഹായത്തിലൂടെ
വന്‍ദുരന്തത്തിന്റെ ആഘാതം കേരളം അറിയാതെ പോയി. പക്ഷേ അപ്പോഴും പബഌസിറ്റിക്കും പ്രശസ്തിക്കും
വേണ്ടി അണിയറയില്‍ പ്രവര്‍ത്തിച്ചവരും വിരളമല്ല. സ്വന്തം സഹോദര സഹായിക്കിന്നുവെന്ന
പേരില്‍ കടന്നുവന്നവര്‍പല വിധത്തിലായിരുന്നു. അന്യന്റെ മുന്നില്‍ അഭിമാനം സൃഷ്ടിച്ചെടുക്കുന്നതിനും
സാഹസികതയെ മോഹിച്ചു കടന്നുവന്നവരും അതിലുള്‍പ്പെടുന്നു.എന്നാല്‍ നിഷ്‌കളങ്ക ഹൃദയത്തോടെ
കടന്നുവന്ന് യഥാര്‍ത്ഥ പ്രതിഫലം കരസ്ഥമാക്കി പലരും കടന്നുപോകുകയും ചെയ്തു.
ജീവിതം തന്നെ സമുദായത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി
ഉഴിഞ്ഞുവച്ചവരായിരുന്നു നമുക്കിടയില്‍ ജീവിച്ചുപോയ പണ്ഡിതന്മാര്‍.സാമൂഹ്യസേവനങ്ങള്‍ക്കിടയില്‍
സ്വന്തം ആരോഗ്യമോ സമയമോ അവര്‍ക്കു വിലങ്ങുതടിയായില്ല. അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള
ഉറച്ച വിശ്വാസമായിരുന്നു അവശതകള്‍ക്കിടയിലും അവരെ മുന്നോട്ടു നയിച്ചത്. സഹോദരങ്ങളുടെ
ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയായിരുന്നു ജീവിതത്തിന്റെ സിംഹഭാഗവും അവര്‍ ചിലവഴിച്ചത്.
അത്തരത്തിലുള്ള ജീവിതപാഠങ്ങളാണ് നമുക്ക് മാതൃകയാകേണ്ടത്. കേവലം ഉത്തരവാദിത്വനിര്‍വ്വഹണത്തിനപ്പുറം
ഒപ്പമുള്ളവരെ സഹായിക്കലാണ് യഥാര്‍ത്ഥ ഇസ്ലാമികചര്യ. ഇതൊക്കെ ഉള്‍ക്കൊള്ളുവാനും പ്രവര്‍ത്തിപഥത്തില്‍
കൊണ്ടുവരാനും ആധുനികതയ്ക്ക് പ്രയാസമായിരിക്കാം. പക്ഷേ യാഥാര്‍ത്ഥ്യങ്ങളെ നാം വിസ്മരിക്കുവാന്‍
പാടില്ല.

മനുഷ്യന്‍ ജീവിതത്തില്‍ പല
ഘട്ടങ്ങളും അഭിമുഖീകരിക്കാറുണ്ട്. ചിലപ്പോള്‍ സാമൂഹ്യജീവിയായും മറ്റുചിലപ്പോള്‍ ഏകനായും
ജീവിതസന്ദര്‍ഭങ്ങളെ അവന്‍ നേരിടേണ്ടിവരും. അപ്പോഴെല്ലാം മറ്റുള്ളവരെ കൂടി പരിഗണിക്കാനും
ഒപ്പമുള്ളവരുടെ സാഹചര്യം മനസ്സിലാക്കി പെരുമാറാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള
വിശാലമനസ്‌കരെയാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. സുകൃതങ്ങള്‍കൊണ്ട് മാത്രം പരിപൂര്‍ണ്ണവിജയം
നേടാമെന്ന മോഹങ്ങള്‍ വൃഥാവിലാണ്.അതിനെ കുറിച്ച് പ്രവാചകര്‍(സ)തന്നെ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.ഈമാനികമായ
സുകൃതങ്ങള്‍ കൊണ്ട് മുന്‍കടന്നവര്‍ എന്റെ കാലക്കാരാണ്.പിന്നെ അവരോടടുക്കുന്നവര്‍ ശേഷമുള്ള
കാലക്കാരും അതിനു ശേഷം വരുന്നവരുമാണ്. നൂറ്റാണ്ടുകള്‍ കഴിയുന്തോറും ഈമാനിന്റെ പ്രഭ
കുറഞ്ഞുകൊണ്ടിരിക്കുമെന്നാണ് പ്രവാചകവചനങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്.
അപ്പോള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുടെയും വാക്കുകളുടെയും പിന്‍ബലത്തിലായിരിക്കാം
വിജയപാതയിലേക്ക് നാം നടന്നടുക്കുക. യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ചുകൊണ്ട് ദുന്‍യാവിന്റെ
പ്രസരപ്പില്‍ വഞ്ചിതരാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.
ماشا الله👍
ReplyDeleteGood Writing
ReplyDelete