ആരോഗ്യകരമായ പ്രഭാതം

          
      പ്രഭാതം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് . അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന സമയങ്ങളില്‍ ഒന്നാണത്. അതിനാല്‍, നേരത്തെ എഴുന്നേറ്റ് അല്ലാഹുവിന്റെ പൊരുത്തം കരഗതമാക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ സമയത്തിന്റെയും മൂല്യം തിരിച്ചറിഞ്ഞ് ഇടപെടുക എന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമായിത്തീരേണ്ടതാണ്.
           നബി(സ)തന്റെ ഉമ്മത്തിന്റെ പ്രഭാതത്തില്‍ ബര്‍ക്കത്ത് ഉണ്ടാകാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചതായി ഹദീസുകളില്‍ കാണാവുന്നതാണ്. ഇതില്‍ നിന്നു തന്നെ പ്രഭാതത്തിന്റെ മഹത്വം നമുക്ക് വായിച്ചെടുക്കാനാകും.നബി (സ) യാത്രപോവകയാണെങ്കിലും ആരെയെങ്കിലും യാത്ര പറഞ്ഞ് അയക്കുകയാണെങ്കിലും അത് പ്രഭാതത്തിലാകാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ കാണാവുന്നതാണ്.
           നമ്മുടെ പ്രഭാതങ്ങള്‍ അല്ലാഹുവിന് വേണ്ടി മാറ്റി വെച്ചാല്‍ അത് ജീവിതത്തില്‍ വലിയ ബര്‍ക്കത്തുകള്‍ ഉണ്ടാക്കും. നിദ്രയിലാണ്ട്കിടക്കുന്നതിന് പകരം നേരത്തേ എഴുന്നേറ്റ് അല്ലാഹുവിനെ സ്മരിക്കുന്നവര്‍ക്ക് അല്ലാഹു വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
           അല്ലാഹു നബി(സ)യോട് പറയുന്നത് കാണുക ; വിനയത്തോടും ഭയത്തോടും കൂടിയും ഉച്ചത്തിലുള്ള വാക്കുകള്‍ കൂടാതെയും, പ്രഭാതത്തിലും സായാഹ്നങ്ങളിലും താങ്കളുടെ നാഥനെ സ്വന്തം മനസ്സില്‍ ഒാര്‍ക്കുക . താങ്കള്‍ അശ്രദ്ധരില്‍ പെട്ടു പോകരുത്.(അഅ്‌റാഫ്:205)
            പ്രഭാത പ്രദോഷങ്ങളില്‍ താങ്കളുടെ നാഥനെ സ്തുതിക്കുന്നതോട് കൂടി അവന്റെ പരുശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക(ഗാഫിര്‍:55)
            പ്രഭാതത്തില്‍ അല്ലാഹുവിന്റെ സ്മരണകളിലായി കഴിയേണ്ടത് നമ്മുടെ മറ്റു സമയങ്ങളില്‍ ഐശ്വര്യം നിലനില്‍ക്കേണ്ടതിന് അനിവാര്യമാണ്. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാവുന്നതാണ് ; നബി(സ) പറഞ്ഞു : ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും ' സുബ്ഹാനല്ലാഹി വബിഹംദിഹി ' എന്ന് നൂറ് പ്രാവശ്യം ചൊല്ലിയാല്‍ ഖിയാമത്ത് നാളില്‍ അപ്രകാരമോ അതില്‍ കൂടുതലോ ചൊല്ലിയ ആളുകളില്ലാതെ അയാളെക്കാള്‍ ശ്രേഷ്ടവാന്മാരായി അവിടെ വരുകയില്ല(മുസ്ലിം).
            പ്രഭാതത്തിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഏറെ പ്രത്യേകതകളും സ്വാധീനം ചെലുത്താന്‍ പറ്റുന്നതുമായ സമയമാണത്. മനുഷ്യനെ മടിയന്മാരാക്കിത്തീര്‍ക്കുന്ന പല മാധ്യമങ്ങളും നിലനില്‍ക്കുന്ന ആധുനിക കാലത്ത് ഉന്മേശത്തോടെയും ഉഝാഹത്തോടെയും പ്രഭാതത്തെ സമീപിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കേണ്ടതുണ്ട്. ' അല്ലാഹുവേ, എന്റെ ഉമ്മത്തിന്റെ പ്രഭാതത്തില്‍ നീ ബര്‍ക്കത്ത് ചൊരിയണേ ' എന്ന നബി(സ)യുടെ പ്രാര്‍ത്ഥനയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ എഴുന്നേറ്റ് സര്‍ഗാത്മഗതയോടെ ഏതൊരു നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന കുട്ടികള്‍ക്ക് പ്രചോദനവും പ്രോഝാഹനവും നല്‍കിയാല്‍ നാളെ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാകാന്‍ അവര്‍ക്ക് സാധിക്കുന്നതാണ്.
            സമയത്തെപ്പോലെ മനുഷ്യജീവിതത്തില്‍ സുപ്രധാനമായ മറ്റൊരു ഘടകമാണ്  ആരോഗ്യം. ഭലഹീനനായ വിശ്വാസിയേക്കാള്‍ ശ്രേഷ്ടനാണ് ആരോഗ്യദൃഢഗാത്രനായ വിശ്വാസി എന്ന നബി വചനം ആരോഗ്യത്തിന്റെ മഹത്വം വിളിച്ചോതുന്നു.
Related image
            അല്ലാഹു അനുഗ്രഹമായി നല്‍കിയ ആരോഗ്യം അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ ചിലവഴിച്ചോ എന്ന് വിചിന്തനം നടത്തേണ്ടതുണ്ട്. നബി(സ) പറയുന്നത് കാണുക ; അഞ്ചു ഘട്ടങ്ങള്‍ക്ക് മുമ്പായി അഞ്ചു ഘട്ടങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊള്ളുക, വാര്‍ദക്യത്തിന് മുമ്പായി യുവത്വം , രോഗത്തിന് മുമ്പായി ആരോഗ്യം, ദാരിദ്രത്തിന് മുമ്പായി ഐശ്വര്യം, ജോലിക്ക് മുമ്പായി ഒഴിവുസമയം, മരണത്തിന് മുമ്പായി ജീവിതം.(തുര്‍മുദി)
                         ആരോഗ്യം ഒഴിവുസമയങ്ങളും കേവലം വിനോദത്തിന് വേണ്ടി മാറ്റിവെക്കുന്നതിനെ നാം സൂക്ഷിക്കേണ്ടതുണ്ട്. ഖുര്‍ആനും തിരുസുന്നത്തും വ്യക്തമാക്കിത്തരുന്ന മാര്‍ഗമാണ് മുസ്ലിം സ്വീകരിക്കേണ്ടത്. ഇതില്‍ നിന്നും മാറുമ്പോള്‍ മുസ്ലിം തന്റെ ദൗത്യനിര്‍വഹണത്തില്‍ നിന്ന് വ്യതിചലിക്കുകയും ഇഹലോക സുഖങ്ങള്‍ക്കടിമയായിത്തീരുകയുമാണ്. നബി(സ) പറയുന്നത് കാണുക ; രണ്ട് ഐശ്വര്യങ്ങള്‍ അധികരിച്ച ജനങ്ങളേയും വഞ്ചിതരാക്കുന്നു. ആരോഗ്യം ഒഴിവുസമയവുമാണവ.
        സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്ന ശീലം കുട്ടികള്‍ക്ക് ചെറുപ്പത്തിലേ ബോധ്യപ്പെടുത്തിക്കൊടുക്കണം. തിരിച്ചു കിട്ടാത്ത അമൂല്യമായ വിഭവമാണ് സമയമെന്ന തിരിച്ചറിവ് ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കളി വിനേദങ്ങള്‍ക്ക് അമിതവും അനാവശ്യവുമായി സമയം നീക്കിവെക്കുന്നത് നിരുഝാഹപ്പെടുത്തണം. സമയം കൊല്ലികളായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കുട്ടികളെ പാകപ്പെടുത്തണം. എങ്കില്‍ മാത്രമേ സമയത്തെക്കുറിച്ച് ബോധമുള്ള ഒരു തലമുറ സൃഷ്ടിക്കപ്പെടുകയുള്ളൂ. വീട്ടില്‍ നിന്നുമാണ് സമൂഹത്തിലേക്കുള്ള ഈ നന്മയുടെ വാതിലുകള്‍ ആദ്യം തുറക്കേണ്ടത്.
      മാതാപിതാക്കള്‍ മക്കളുടെ റോള്‍ മോഡലുകളാകണം. ആദ്യമായി കുട്ടികള്‍ പകര്‍ത്തുന്നത് മാതാപിതാക്കളില്‍ നിന്നും പകര്‍ന്ന് കിട്ടിയ സംസ്‌കാരമായിരിക്കും. വീടിന്റെ അകത്തളങ്ങളിലും പുറത്തും വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും മാതാപിതാക്കള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. നന്മകള്‍ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നതിലല്ല കാര്യം, അത് ജീവിച്ചു കാണിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്.
       നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ആരോഗ്യവാനായി നില്‍ക്കുകയും ചെയ്യുക എന്നതാണ് ഒരു വിശ്വാസിക്കനിവാര്യം. മുത്ത് നബി(സ) പ്രോഝാഹിപ്പിച്ച ശൈലിയാണത്. ആരോഗ്യശാസ്ത്രവും ഇന്ന് ഇതിന് വലിയ പ്രചോദനവും പ്രോഝാഹനവും നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ സമയത്തിന്റെയും ആരോഗ്യത്തിന്റെയും മഹത്വം തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്തുന്നവരാകാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. ആമീന്‍

📎സ്വബാഹ് കിളിനക്കോട്

Comments

Popular posts from this blog

ഇസ്‌ലാമും വൈജ്ഞാനിക നവോത്ഥാനവും

പുഞ്ചിരിയുടെ മഹത്വം

ആത്മസംസ്‌കരണം തിരിച്ചറിവിന്റെ പ്രതീകമാണ്